Skip to main content
കൊച്ചി

bar

 

സംസ്ഥാനത്തെ ബാറുകള്‍ക്ക് ജനുവരി 20 വരെ പ്രവര്‍ത്തനം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. മദ്യനയം സമൂഹത്തിലും വിനോദസഞ്ചാര, തൊഴില്‍ മേഖലകളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് അനുമതി നീട്ടി നല്‍കിയത്. നേരത്തെ ഡിസംബര്‍ 12 വരെയായിരുന്നു പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നത്.

 

തൊഴില്‍, ടൂറിസം വകുപ്പുകളിലെ സെക്രട്ടറിമാരെയാണ് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി അറിയിച്ചു. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

 

സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ അറിയിക്കണമെന്നും അങ്ങനെയെങ്കില്‍ നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ തീരുമാനമെടുക്കാന്‍ ആകില്ലെന്നും ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോള്‍ വ്യക്തമാക്കിയിരുന്നു.

 

അതേസമയം, ബാറുകള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തന അനുമതി നല്‍കിയ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) മദ്യവിരുദ്ധസമിതി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ അപാകതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.