Skip to main content
തിരുവനന്തപുരം

rubber tapping

 

വിപണിവിലയില്‍ നിന്നും അഞ്ച് രൂപ കൂടുതല്‍ നല്‍കി റബ്ബര്‍ സംഭരിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കര്‍ഷകരില്‍ നിന്നും കൂടുതല്‍ റബ്ബര്‍ സംഭരിക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വില തകര്‍ച്ച മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നാളെ മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും അടങ്ങുന്ന സംഘം ന്യൂഡല്‍ഹിയിലേക്ക് പോകുന്നുണ്ട്.

 

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ പേട്ട മുതല്‍ തൃപ്പുണ്ണിത്തറ എസ്.എന്‍ ജംങ്ഷന്‍ വരെ നീട്ടുന്നതിനായി 351 കോടി രൂപയുടെ ഭരണാനുമതി മന്ത്രിസഭ നല്‍കിയിട്ടുണ്ട്. ഇതിനായി സംസ്ഥാനം നല്‍കും. 2016-ല്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യഘട്ടത്തിന്‍റെ ഭാഗമാണെങ്കിലും വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

 

തമ്പാനൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ബൈപാസ് കനാല്‍ നിര്‍മിക്കാന്‍ കെ.എസ്.യു. ഡി.പി യെ നിയോഗിക്കാനും ഏഴ് ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ആശുപത്രികളായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. ഫ്ലക്സ് നിരോധനവും ആദിവാസി വികസന പാക്കേജും സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലേക്കു മാറ്റി

 

കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിന് മന്ത്രിസഭ അന്തിമരൂപം നല്‍കി. മുഖ്യമന്ത്രിയ്ക്ക് പുറമേ മന്ത്രിമാരായ കെ.എം മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, വി.എസ്.ശിവകുമാര്‍, ഷിബു ബേബി ജോണ്‍, പി.കെ.അബ്ദുറബ്ബ് എന്നിവരാണ് ന്യൂഡല്‍ഹിയിലേക്ക് പോകുന്ന സംഘത്തിലുള്ളത്.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ വ്യവസായങ്ങളെ ഉള്‍പ്പെടുത്തുക, പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കേരള സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ബി.എഡ് സെന്ററുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയുമായും കുട്ടനാട്, ഇടുക്കി പാക്കേജുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായും ചര്‍ച്ച ചെയ്യും.