Skip to main content
ന്യൂഡല്‍ഹി

bar

 

സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ ഹൈക്കോടതി വിധി വരും വരെ പൂട്ടേണ്ടതില്ലെന്ന് സുപ്രീം കോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ, സെപ്തംബര്‍ 30 വരെ മദ്യനയം നടപ്പിലാക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

 

അതേസമയം, ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി പ്രതികൂലമായാല്‍ അപ്പീല്‍ ഹര്‍ജി നല്‍കാന്‍ ഒരുമാസത്തെയെങ്കിലും സാവകാശം നല്‍കണമെന്ന ബാറുടമകളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കിയ ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ ഹര്‍ജി വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്.

 

ബന്ധപ്പെട്ട ഹര്‍ജികളില്‍ പെട്ടെന്ന് തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്‍ 30-നകം ഹൈക്കോടതി വിധി പറയാത്ത സാഹചര്യമുണ്ടായാല്‍, വിധി വരുംവരെ തല്‍സ്ഥിതി തുടരാനാണ് ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

 

ഏപ്രില്‍ ഒന്നിന് നിലവാരമില്ലാത്ത കാരണത്താല്‍ ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാത്ത 418 ബാറുകള്‍ക്ക് പുറമേ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സെപ്തംബര്‍ 12-നകം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഈ ബാറുകള്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.