Skip to main content
ന്യൂഡല്‍ഹി

Cochin Shipyard Limited

 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്കായി 2,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. കപ്പല്‍ശാലയുടെ വികസനത്തിന് 1,200 കോടി രൂപയും 1,500 കോടി രൂപ ചിലവില്‍ ഒരു കപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുമാണ് അനുവദിച്ചിട്ടുള്ളത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ 100 ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരത്ത് ഗതാഗത, ദേശീയപാത, സമുദ്രയാന വകുപ്പുകളില്‍ സ്വീകരിച്ച നടപടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

 

കപ്പലുകളുടെ നിര്‍മാണത്തിനായി പുതിയ ഡ്രൈ ഡോക്ക്‌യാര്‍ഡ് നിര്‍മിക്കാനാണ് 1,200 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) കൊണ്ടുപോകുന്ന ഒരു ചരക്കുകപ്പലാണ് 1,500 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്നത്. രാജ്യത്ത് നിര്‍മ്മിക്കുന്ന ഇത്തരം മൂന്ന് കപ്പലുകളില്‍ ഒന്നാണ് കൊച്ചിയില്‍ നിര്‍മ്മിക്കുക.   

 

വിദേശ കപ്പലുകളുടെ നിര്‍മ്മാണത്തിന് കൊച്ചി കപ്പൽശാലയെ സജ്ജമാക്കുമെന്നും അധികം വൈകാതെ തന്നെ മണ്ണുമാന്തിക്കപ്പല്‍ നിര്‍മാണശാല കൊച്ചിയില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി - ആന്തമാന്‍ ജലപാതയില്‍ പൊതുഗതാഗത സംവിധാനമായി ജല ബസും കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഫ്രാൻസിന്റെ സാങ്കേതിക സഹായത്തോടെ പാസഞ്ചർ കാർഗോ സംവിധാനം സംവിധാനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു.