Skip to main content
തിരുവനന്തപുരം

rice

 

2013-ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള തീരുമാനങ്ങള്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സ്വീകരിച്ചു. സംസ്ഥാനത്ത് ഒക്ടോബര്‍ 10-നകമാണ് നിയമം നടപ്പാക്കേണ്ടത്. ഇതനുസരിച്ച് ഏകദേശം 54 ലക്ഷം പേര്‍ക്ക് കൂടി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി ലഭിക്കും.

 

നിലവിലുള്ള എഎവൈ വിഭാഗങ്ങള്‍, ബി.പി.എല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍, ബി.പി.എല്‍ കാര്‍ഡില്ലെങ്കിലും ബി.പി.എല്‍ പട്ടികയിലുള്ള കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക തയാറാക്കി പുതിയ താത്‌ക്കാലിക റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം ഏകദേശം 54 ലക്ഷം പേര്‍ കൂടി മുന്‍ഗണനാ പട്ടികയില്‍ വരും. നിലവില്‍ 27.57 ലക്ഷം എഎവൈ, 73.08 ലക്ഷം ബിപിഎല്‍ വിഭാഗങ്ങളാണുള്ളത്‌. ലിസ്റ്റ്‌ വിപുലീകരിക്കുമ്പോള്‍ 154.8 ലക്ഷം പേര്‍ മുന്‍ഗണനാ പട്ടികയില്‍ വരും.

 

സംസ്ഥാനത്ത്‌ ഇപ്പോള്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക്‌ നല്‍കിവരുന്ന സബ്‌സിഡി നിരക്ക്‌ എല്ലാ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും അനുവദിക്കും. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് അരി ഒരു രൂപയ്‌ക്കും ഗോതമ്പ്‌ രണ്ട്‌ രൂപയ്‌ക്കുമാണു നല്‍കുന്നത്‌.

 

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത എ.പി.എല്‍ (എസ്‌.എസ്‌- സംസ്ഥാന സബ്‌സിഡി) വിഭാഗക്കാര്‍ക്ക്‌ നിലവിലുള്ള സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യും. എ.പി.എല്‍ (എസ്‌.എസ്‌) വിഭാഗത്തില്‍ 42 ലക്ഷം കാര്‍ഡുകളാണുള്ളത്‌. ഇവര്‍ക്ക്‌ രണ്ടു രൂപ നിരക്കിലാണ്‌ അരിയും ഗോതമ്പും നല്‌കുന്നത്‌.

 

മുന്‍ഗണനാ വിഭാഗത്തിലും എപിഎല്‍ (എസ്‌.എസ്‌) വിഭാഗത്തിലും ഇല്ലാത്ത മുഴുവന്‍ എ.പി.എല്‍ കാര്‍ഡ്‌ ഉടമകള്‍ക്കും (179 ലക്ഷം) നിലവിലുള്ള നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കും. ഇവര്‍ക്ക്‌ അരി 8.90 രൂപയ്കും ഗോതമ്പ് 6.70 രൂപയ്ക്കുമാണ് നല്‍കുന്നത്‌.