Skip to main content
തിരുവനന്തപുരം

sheila dikshit

 

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും സന്ദര്‍ശിച്ചിരുന്നു. രാജിവാര്‍ത്ത ദീക്ഷിത്തിന്റെ ഓഫീസ് ചൊവ്വാഴ്ച വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു.

 

തിങ്കളാഴ്ച ദീക്ഷിത്തിന്റെ രാജി സംബന്ധിച്ച് ഉയര്‍ന്ന റിപ്പോര്‍ട്ടുകളെ അഭ്യൂഹമെന്ന് വിശേഷിപ്പിച്ച് അവര്‍ തള്ളിയിരുന്നു. നേരത്തെ, എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതില്‍ ദീക്ഷിത്തും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.   

 

അതേസമയം, നിയമസഭ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഡല്‍ഹിയില്‍ വൈകാതെ തെരഞ്ഞെടുപ്പ് നടക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയായ ദീക്ഷിത്തിനെ ബി.ജെ.പി ഇപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ മാറ്റാന്‍ ഇടയില്ലെന്നും അനുമാനങ്ങളുണ്ടായിരുന്നു.

 

എന്‍.ഡി.എയുടെ രാജി ആവശ്യത്തോട് വിസമ്മതിച്ച ഗവര്‍ണര്‍മാര്‍ക്ക് എതിരെ സര്‍ക്കാര്‍ സ്ഥലം മാറ്റ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന്‍ വക്കം പുരുഷോത്തമന്‍, കെ. ശങ്കരനാരായണന്‍ എന്നിവരടക്കമുള്ളവര്‍ പ്രതിഷേധ സൂചകമായി രാജിവെച്ചിരുന്നു. ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന കമല ബെനിവാളിനെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട നടപടിയ്ക്കെതിരെ ഉത്തരഖണ്ഡ് ഗവര്‍ണര്‍ അസീസ്‌ ഖുറേഷി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.