Skip to main content
തൃശൂര്‍

paliakkara toll

 

ദേശീയ പാത 47-ല്‍ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്തെ പാലിയേക്കര ടോള്‍ പിരിവ് കേന്ദ്രത്തിലെ നിരക്കുകള്‍ വീണ്ടും കൂട്ടി. പുതുക്കിയ നിരക്ക് സെപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ജൂണില്‍ ഇവിടെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 2013 സെപ്തംബറില്‍ നിരക്ക് വര്‍ധന തടഞ്ഞ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു വര്‍ധന.

 

കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ വാഹനങ്ങളുടെ ടോള്‍ നിരക്ക് 100 രൂപയായി. എന്നാല്‍ ഒരുവശത്തേക്ക് മാത്രമുള്ള തുക 65 രൂപ തന്നെ തുടരും. ഇവയുടെ പ്രതിമാസ പാസ് 115 രൂപ വര്‍ധിച്ച് 2005 രൂപയായി. ബസ്, ലോറി എന്നിവക്ക് ഇരുവശത്തേക്കും 350 രൂപയാക്കി. ഒരു വശത്തേക്ക് 15 രൂപ വര്‍ധിച്ച് 235 രൂപയാക്കി. ബസുകള്‍ക്ക് ഒരു യാത്രയ്ക്ക് 15 രൂപയും ഒന്നിലേറെ യാത്രകള്‍ക്ക് 20 രൂപയും കൂടും.

 

രാജ്യത്തെ മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും 40 ശതമാനം വരെ നിരക്ക് വര്‍ധിപ്പിക്കുവാനുള്ള അനുമതി സര്‍ക്കാര്‍ ടോള്‍ കമ്പനിയുമായി ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, സര്‍വീസ് റോഡ്, ഓടകള്‍, വഴിവിളക്കുകള്‍ തുടങ്ങിയ കരാര്‍ പ്രകാരമുള്ള അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയശേഷം മാത്രമേ ടോള്‍ നിരക്ക് കൂട്ടാവൂ എന്നാവശ്യപ്പെട്ട് ഇവിടെ പ്രക്ഷോഭം ഉയരുകയും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തതാണ്. ഈ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടിട്ടില്ല. എന്നാല്‍, നിരക്ക് വര്‍ദ്ധനയില്‍ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന്‍ ഹൈക്കോടതി വിധിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പാലിയേക്കര ടോള്‍ പിരിവ് കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍.