Skip to main content
ന്യൂഡല്‍ഹി

kv thomasസംയുക്ത പാര്‍ലിമെന്ററി സമിതികളില്‍ പ്രധാനപ്പെട്ട പബ്ലിക് അക്കൌണ്ട്സ് സമിതി (പി.എ.സി)യുടെ ചെയര്‍മാന്‍ ആയി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ നിയമിച്ചു. സര്‍ക്കാറിന്റെ കണക്കുകള്‍ പാര്‍ലിമെന്റിന് വേണ്ടി പരിശോധിക്കുന്ന ഈ സമിതിയാണിത്‌. പാര്‍ലിമെന്റില്‍ സമര്‍പ്പിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കുന്നതും പി.എ.സി യാണ്.

 

ലോകസഭയിലും രാജ്യസഭയിലും നിന്നുള്ള അംഗങ്ങള്‍ അടങ്ങുന്ന പി.എ.സിയുടെ അദ്ധ്യക്ഷ സ്ഥാനം കീഴ്വഴക്കമനുസരിച്ച് പ്രധാന പ്രതിപക്ഷത്ത് നിന്നുള്ള പ്രതിനിധിയ്ക്കാണ് നല്‍കാറുള്ളത്. ഇത്തവണ, ലോകസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസും സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നിയമനം രാഷ്ട്രീയ പ്രാധാന്യം നേടുകയായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കേണ്ടതില്ലെന്ന്‍ സ്പീക്കര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സാധാരണ പ്രതിപക്ഷത്തിന് നല്‍കാറുള്ള ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് നല്‍കാതെ യു.പി.എയുടെ ഭാഗമല്ലാത്ത എ.ഐ.എ.ഡി.എം.കെയ്ക്കാണ് സര്‍ക്കാര്‍ നല്‍കിയത്.

 

ഈ സാഹചര്യത്തില്‍ പി.എ.സി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ആശ്വാസമാകും. ലോകസഭയിലെ 15 അംഗങ്ങളും രാജ്യസഭയിലെ ഏഴ് അംഗങ്ങളും അടങ്ങുന്ന പി.എ.സിയില്‍ ഭരണപക്ഷത്ത് നിന്നുള്ള എം.പിമാര്‍ക്കായിരിക്കും ഭൂരിപക്ഷം. സമിതി ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്ന് യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.വി തോമസ്‌ പ്രതികരിച്ചു.

 

കഴിഞ്ഞ ലോകസഭയില്‍ ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയായിരുന്നു പി.എ.സി ചെയര്‍മാന്‍. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന എ.രാജയേയും പ്രധാനമന്ത്രി കാര്യാലയത്തേയും കാബിനറ്റ്‌ സെക്രട്ടറിയേറ്റിനേയും ശക്തമായി വിമര്‍ശിച്ച് കൊണ്ട് ജോഷി തയ്യാറാക്കിയ പി.എ.സിയുടെ 2011-ലെ കരട് റിപ്പോര്‍ട്ട് വിവാദത്തിന് ഇടയാക്കിയിരുന്നു.