Skip to main content
കൊച്ചി

എറണാകുളത്ത് കാക്കനാടുള്ള കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും കസ്റ്റംസ് വിഭാഗം 22 കിലോ സ്വര്‍ണം പിടികൂടി. കയറ്റുമതിയ്ക്കായി പ്രത്യേക സാമ്പത്തിക മേഖല വഴി നികുതി ഒഴിവാക്കി ഇറക്കുമതി ചെയ്ത സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുകയായിരുന്നു എന്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ അശ്വിന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിനെതിരെ കേസെടുത്തു. സ്ഥാപനത്തിന്റെ എം.ഡി അടക്കം നാലു ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പ്രത്യേക സാമ്പത്തിക മേഖല നിയമം അനുസരിച്ച് ഇറക്കുമതിച്ചുങ്കം ഒഴിവാക്കി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം ആഭരണങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍, നൂറു കിലോയിലേറെ സ്വര്‍ണം ഇവര്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചുവെന്നാണ് കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ് കരുതുന്നത്.

 

മുന്‍പും ഇതേ കേസില്‍ ഈ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ജീവനക്കാരെ അറസ്റ്റു ചെയ്തിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ ജ്വല്ലറികളിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.