Skip to main content
കൊല്ലം

kmml

 

പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡില്‍ (കെ.എം.എം.എല്‍) തുടര്‍ച്ചയായി രണ്ട് ദിവസം ഉണ്ടായ വാതകച്ചോര്‍ച്ചയെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്റലിജന്‍സ് എ.ഡി.ജി.പി. എ. ഹേമചന്ദ്രന് ആയിരിക്കും അന്വേഷണ ചുമതല. സംഭവത്തിന് പിന്നില്‍ അട്ടിമറി ഉണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ നടപടി.

 

കൊല്ലം ജില്ലയിലെ ചവറയിലുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്ഥലം സന്ദര്‍ശിച്ച ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യമാണ് കമ്പനി അടച്ചുപൂട്ടുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഉണ്ടായ വാതകച്ചോര്‍ച്ചയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചവറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ 70-ല്‍ അധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ബുധനാഴ്ച ലഘുവായി ബേണിംഗ് ഗ്യാസ് ലീക്ക് ഉണ്ടായപ്പോൾ തന്നെ സീൽ ചെയ്യുകയും പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തുകയും ചെയ്തതാണെന്ന് കെ.എം.എം.എല്‍ അറിയിക്കുന്നു. എന്നിട്ടും പ്ലാന്റിൽ നിന്ന് വാതകം ചോർന്നെന്ന പ്രചരണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ പറയുന്നു.

 

അതേസമയം, മലിനീകരണവുമായി ബന്ധപ്പെട്ട് കെ.എം.എം.എല്ലിനെതിരായ ഹര്‍ജി നാളെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് സംഭവം എന്നതാണ് അട്ടിമറി സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അട്ടിമറി ശ്രമമാണ് നടന്നതെന്ന് സംശയമുണ്ടെന്നും കെ.എം.എം.എല്‍ തകര്‍ക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും മുന്‍ വ്യവസായമന്ത്രി കൂടിയായ എളമരം കരീം എം.എല്‍.എ പ്രതികരിച്ചു.

 

സംഭവത്തില്‍ സാങ്കേതിക വീഴ്ചയാണോ അട്ടിമറിയാണോ ഉണ്ടായിരിക്കുന്നത് എന്ന്‍ ഇന്റലിജന്‍സ് അന്വേഷിക്കും. അന്വേഷണത്തിന് വി.എസ്.എസ്.സി, കൊച്ചിൻ റിഫൈനറി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയിലെ വിദഗ്ദ്ധരുടെ സഹായം തേടുമെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്. .  

 

വിഷയത്തില്‍ വ്യവസായ വകുപ്പ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും പോലീസും യോഗത്തില്‍ പങ്കെടുക്കും.