Skip to main content
തിരുവനന്തപുരം

bennet abrahamലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ പണം നല്‍കിയിട്ടില്ലെന്ന് സി.പി.ഐ സ്ഥാനാര്‍ഥിയായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാം. തിരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.ഐ മൂന്നംഗ അന്വേഷണ കമ്മീഷന്‍ ബെന്നറ്റ് എബ്രഹാം സ്ഥാനാർത്ഥിത്വത്തിനായി ഒരു കോടി രൂപ നല്‍കിയെന്ന് കണ്ടെത്തിയതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ കമ്മീഷന്‍ നടപടി നിര്‍ദ്ദേശിച്ചതായി പറയപ്പെടുന്ന മൂന്ന്‍ നേതാക്കളില്‍ ഒരാളായ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. രാമചന്ദ്രൻ നായർ പാർട്ടി മുഖപത്രമായ ജനയുഗം സി.എം.ഡി സ്ഥാനത്തുനിന്ന്‍ അവധിയെടുത്തിട്ടുണ്ട്.

 

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം മോഹിച്ചവരാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പാര്‍ട്ടി നിര്‍ബന്ധിച്ചാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും ബെന്നറ്റ്‌ പറഞ്ഞു. ശശി തരൂരിനും ഒ.രാജഗോപാലിനുമെതിരെ മത്സരിക്കാന്‍ ആരും തയ്യറാകാതിരുന്നതിനെ തുടര്‍ന്നാവണം പാര്‍ട്ടി തന്നെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍ ആണ് ബെന്നറ്റ് എബ്രഹാം.

 

സി.പി.ഐ സെക്രട്ടേറിയറ്റിൽ വച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നത് പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാക്കിയിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാമചന്ദ്രൻ നായർ അവധിയില്‍ പ്രവേശിച്ചത്. യു.എസിലുള്ള  മകനെ കാണാൻ പോകുന്നുവെന്നാണ് വിശദീകരണമെങ്കിലും റിപ്പോർട്ടിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന രാമചന്ദ്രൻ നായർക്കെതിരെ വിമര്‍ശനമുള്ള പശ്ചാത്തലത്തിലാണ് ഇതെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. ജില്ലയുടെ ചുമതല ഉണ്ടായിരുന്ന സി.ദിവാകരന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരേയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുള്ളതായാണ് വിവരം.   

 

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാത്ത നടപടികളാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും വേണ്ടത്ര ആലോചനയില്ലാതെയാണ് പാര്‍ട്ടി അംഗംപോലും അല്ലാതിരുന്നയാളെ ധൃതിപിടിച്ച് അംഗത്വം നല്‍കി സ്ഥാനാര്‍ഥിയാക്കിയതെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ജില്ലാ നേതൃത്വം സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടും പുന:പരിശോധനയ്ക്ക് തയ്യാറായില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റിനും സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വീഴ്ചപറ്റിയെന്നും കമ്മീഷന്‍ പറയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

പി.കെ. കൃഷ്ണന്‍, പി.തിലോത്തമന്‍ എം.എല്‍.എ, പത്തനംതിട്ട ജില്ലാ സെക്രട്ടറി പി. പ്രസാദ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.