Skip to main content
ന്യൂഡല്‍ഹി

rm lodha and gopal subrahmaniam

 

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ തിങ്കളാഴ്ച പിന്‍വാങ്ങി. ഈ കേസില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യവും ചുമതല ഒഴിയുന്നതായി ഇന്ന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

 

കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ്‌ ലോധ കേസില്‍ നിന്ന്‍ പിന്‍വാങ്ങുന്നത്. വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന പുതിയ ബഞ്ച് ചീഫ് ജസ്റ്റിസ്‌ രൂപീകരിച്ചിട്ടുണ്ട്.

 

അമിക്കസ് ക്യൂറി ചുമതല ഒഴിഞ്ഞ ഗോപാല്‍ സുബ്രഹ്മണ്യം കേസുമായി ബന്ധപ്പെട്ട രേഖകള്‍ സുപ്രീം കോടതിയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയില്‍ സുപ്രീം കോടതി മാറ്റങ്ങള്‍ വരുത്തിയത്. അതുവരെ ഭരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ വിമര്‍ശിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

 

സുപ്രീം കോടതി ജഡ്ജി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന്‍ ചീഫ് ജസ്റ്റിസ്‌ ലോധ വിരമിക്കുന്നത് വരെ സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് നേരത്തെ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ്‌ ലോധ അടങ്ങുന്ന സുപ്രീം കോടതി കൊളിജിയം ജഡ്ജി സ്ഥാനത്തേക്ക് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന്‍ ഗോപാല്‍ സുബ്രഹ്മണ്യം സ്വയം പിന്മാറുകയായിരുന്നു.