പാറമടകള്‍ പൂട്ടാന്‍ കൂടുതല്‍ സമയം: ഹരിത ട്രിബ്യൂണലിന് അതൃപ്തി

Mon, 04-08-2014 05:37:00 PM ;
ന്യൂഡല്‍ഹി

quarry

 

പാരിസ്ഥിതിക അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ദേശീയ ഹരിത ട്രിബ്യൂണൽ അതൃപ്തി പ്രകടിപ്പിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഉത്തരവ് നടപ്പാക്കാന്‍ ഒരു വര്‍ഷം സാവകാശം നല്‍കണമെന്ന് കേരളം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍.

 

സുപ്രീം കോടതിയും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയവും അനധികൃത പാറമടകൾ പൂട്ടണമെന്ന് നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇനിയും സമയം നീട്ടി നൽകുന്നതിലെ യുക്തി എന്താണെന്ന് ട്രൈബ്യൂണൽ ചോദിച്ചു.

 

അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണമെന്ന 2012-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ഹരിത ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനം പാലിക്കുന്നില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്.

 

ജൂലൈ എട്ടിന് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് ബാധകമായ ഏകദേശം 2,400 പാറമടകള്‍ അടച്ചുപൂട്ടിയാല്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല സ്തംഭിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേസിൽ വിശദമായ വാദം കേൾക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കനായി മാറ്റിയിട്ടുണ്ട്.

Tags: