Skip to main content
തിരുവനന്തപുരം

തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിൽ മുൻ എം.എൽ.എമാർക്ക് മുറി അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഹോസ്റ്റലില്‍ അനധികൃതമായി മുറി അനുവദിച്ചതിനെ കുറിച്ച് നിയമസഭാ സെക്രട്ടറി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പെണ്‍വാണിഭ കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞതായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

 

മുൻ എം.എൽ.എമാർ നേരിട്ട് ഒപ്പിടാതെ മുറി അനുവദിക്കില്ലെന്നും മുൻ എം.എൽ.എമാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമെ മുറി അനുവദിക്കൂകയുള്ളൂവെന്നും സ്പീക്കര്‍ പറഞ്ഞു. അല്ലാത്തവര്‍ക്ക് മുറി നല്‍കണമെങ്കില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ഒരു തവണ അഞ്ചു ദിവസത്തില്‍ കൂടുതലും ഒന്നിൽ കൂടുതൽ മുറിയും അനുവദിക്കില്ല. ഹോസ്റ്റലില്‍ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ഗേറ്റ് എപ്പോഴും അടച്ചിടാനും പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ യോഗങ്ങളോ വാർത്താ സമ്മേളനങ്ങളോ നടത്താനും രാത്രി പത്തു മണിക്ക് ശേഷം സന്ദർശകരെയും അനുവദിക്കില്ലെന്നും കാർത്തികേയൻ അറിയിച്ചു.

 

പെൺവാണിഭ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത് എം.എൽ.എ ഹോസ്റ്റലിൽ നിന്നല്ലെന്നും സ്പീക്കര്‍ കാർത്തികേയൻ പറഞ്ഞു. പാറശാലയിൽ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും പൊലീസിന് ആവശ്യമായ സഹായങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.