Skip to main content
കൊച്ചി

kerala high courtമൂന്നാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടി സംബന്ധിച്ച ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജിയോ അപ്പീലോ നല്‍കുമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഏറണാകുളത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയും റിസോര്‍ട്ടുകളും തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനുമായിരുന്നു ജൂലൈ 25 വെള്ളിയാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.

 

അവധിയായാതിനാല്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ലെന്നും ഇത് കിട്ടിയ ശേഷം വിശദമായ പഠനം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറില്‍ മറ്റ് നിയമനടപടികളോ സ്റ്റേയോ ഇല്ലാത്ത കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ കോടതിയില്‍ വിജയം സര്‍ക്കാറിനായിരുന്നുവെന്നും എന്നാല്‍, എല്‍.ഡി.എഫ് ഭരണകാലത്ത് എല്ലാ കേസുകളിലും സര്‍ക്കാര്‍ തോല്‍ക്കുകയായിരുനെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മൂന്നാര്‍ ദൗത്യസംഘം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂരും ജസ്റ്റിസ്‌ എ.എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഒഴിപ്പിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും കോടതി പറഞ്ഞിരുന്നു. അബാദ്, മൂന്നാര്‍ വുഡ്സ് എന്നീ റിസോര്‍ട്ടുകള്‍ ഏറ്റെടുത്ത നടപടി റദ്ദാക്കിയ കോടതി ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

 

മൂന്നാറില്‍ വ്യാജപട്ടയം ഉപയോഗിച്ചും മറ്റും കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കെ. സുരേഷ് കുമാര്‍, രാജു നാരായണ സ്വാമി, ഋഷിരാജ് സിങ്ങ് എന്നീ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് മൂന്നാര്‍ ദൗത്യസംഘം. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനം 26 ദിവസത്തിന് ശേഷം നിര്‍ത്തിവെക്കുകയായിരുന്നു.