Skip to main content
കോഴിക്കോട്

fasal gafoorസംസ്ഥാനത്ത് അധിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം.ഇ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ശനിയാഴ്ച പരാതി നല്‍കി. പ്ലസ്ടു സ്കൂളുകള്‍ അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല, ഏകജാലക സംവിധാനം നിലനിര്‍ത്തണം, അധ്യാപക നിയമനത്തിലെ അപാകതകള്‍ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളതെന്ന്‍ ഫസല്‍ ഗഫൂര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട് സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.  

 

ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിക്കുന്നതിന് ഭരണകക്ഷിയുമായി ബന്ധമുള്ളവര്‍ തന്നോട് കോഴ ആവശ്യപ്പെട്ടതായും ഇത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ അറിയിച്ചതായും ഇന്നലെ ഫസല്‍ ഗഫൂര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഈ ആരോപണം പരാതിയില്‍ ഉന്നയിച്ചിട്ടില്ല.

 

ഫസല്‍ ഗഫൂറിന്റെ ആരോപണം തെറ്റിദ്ധാരണ മൂലമാകാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങളില്‍ ഉറച്ചുനിന്ന ഫസല്‍ ഗഫൂര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം എം.ഇ.എസ് ആലോചിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. കൂടിക്കാഴ്ചയെ തുടര്‍ന്ന്‍ ഉടന്‍ നിയമനടപടികള്‍ എടുക്കില്ലെന്നും പരാതിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം തൃപ്തികരമല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ഫസല്‍ ഗഫൂർ അറിയിച്ചു.

   

അതേസമയം, പുതിയ പ്ലസ്ടു സ്കൂളുകളും അധിക ബാച്ചും അനുവദിച്ചതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി. ഫസല്‍ ഗഫൂര്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്‍ അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നും ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.