Skip to main content
തിരുവനന്തപുരം

mukkom orphanage

 

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ അനധികൃതമായി കൊണ്ടുവന്ന സംഭവത്തില്‍ കോഴിക്കോട് മുക്കത്തുള്ള അനാഥാലായത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച്. ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ എത്തിച്ചതില്‍ അനാഥാലയ മാനേജ്‌മെന്റിന് പങ്കുണ്ടെന്നും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും ക്രൈം ബ്രാഞ്ച് അറിയിച്ചു.

 

സംഭവം അന്വേഷിക്കുന്നതിന് ജാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച് സംഘം കേരളത്തിലെത്തിയിരുന്നു. കേരള പോലീസിന്റെ ക്രൈം ബ്രാഞ്ചും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇതില്‍ കേസെടുത്തിരുന്നു. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന നിര്‍ദ്ദേശം കേരള ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

 

സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് പര്‍വേസ് ആലത്ത്, ഷക്കീല്‍ അക്തര്‍ എന്നിവരെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റുചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അനാഥാലയത്തിനെതിരെ അനന്തര നടപടികള്‍ സ്വീകരിക്കുകയെന്ന്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

ബാലനീതി നിയമങ്ങള്‍ പാലിക്കാതെ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ രണ്ട് സംഘമായി കൊണ്ടുവന്ന അറുനൂറോളം കുട്ടികളെ മേയ് 24, 25 തിയതികളില്‍ റെയില്‍വേ പോലീസ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോചിപ്പിക്കുകയായിരുന്നു. ഇതില്‍ 450-ല്‍ അധികം വരുന്ന കുട്ടികളെ മുക്കം അനാഥാലയത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമായിരുന്നു.