Skip to main content
തിരുവനന്തപുരം

 

വ്യാവസായിക മാലിന്യത്തില്‍ നിന്നും എണ്ണയെ വിഘടിപ്പിക്കുവാന്‍ ശേഷിയുള്ള മൂന്നുതരത്തിലുള്ള ബാക്ടീരിയങ്ങളുടെ കണ്ടെത്തലുമായി യുവ ശാസ്ത്രജ്ഞ ഡോ. ആര്‍.ബി. സ്മിത. കോഴിക്കോട്ടെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ (എം.ബി.ജി) നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ കണ്ടെത്തല്‍.

 

മാലിന്യത്തിലെ ഹൈഡ്രോ കാര്‍ബണ്‍ വിഘടിപ്പിക്കുന്ന എന്‍സൈമുകളെ വേര്‍തിരിച്ചെടുക്കുന്നതിനിടെയാണ് സ്യൂഡോമൊണസ് വിഭാഗത്തിലെ ഒന്നും ബുര്‍ക്ക്‌ഹോള്‍ഡേറിയ വിഭാഗത്തിലെ രണ്ടും ബാക്ടീരിയങ്ങളെ ഡോ. സ്മിത കണ്ടെത്തിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ യുവ ശാസ്ത്രജ്ഞര്‍ക്കായുള്ള ഒരു പദ്ധതിയുടെ ഭാഗമായിരുന്നു ഗവേഷണം. ജീവജാലങ്ങളുടെ ജനിതക ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുന്ന ജീന്‍ ബാങ്കിലേക്ക് കണ്ടെത്തലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

ഔഷധ സസ്യങ്ങള്‍, സൂക്ഷ്മ സസ്യങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമാണ് എം.ബി.ജി. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. ആര്‍. പ്രകാശ് കുമാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലായിരുന്നു പഠനം.

 

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എന്‍സൈം ടെക്‌നോളജി ലബോറട്ടറിയില്‍ നിന്ന്‍ 2010-ല്‍ ബയോടെക്‌നോളജിയില്‍ ഗവേഷണ ബിരുദം നേടിയ സ്മിത തിരുവനന്തപുരം സ്വദേശിനിയാണ്. ബാസിലസ് തുറിഞ്ചനിസിസ് എന്ന വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയത്തില്‍ നിന്ന് ആല്‍ഫാ അമലൈസ് എന്‍സൈമുകളും ജൈവ കീടനാശിനിയും വേര്‍തിരിച്ചെടുക്കുന്ന പഠനം നേരത്തെ സ്മിത നടത്തിയിട്ടുണ്ട്. തെങ്ങുകളില്‍ മണ്ഡരിക്കു കാരണമായ എറിയോഫിഡ്‌മൈറ്റ് എന്ന പരാന്ന ഭോജിയെ പ്രതിരോധിക്കുന്നതിന് ഈ എന്‍സൈമുകള്‍ സഹായിക്കുമെന്ന സ്മിതയുടെ കണ്ടെത്തല്‍ പേറ്റന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

 

ലോകത്തെ വിവിധ ആവാസവ്യവസ്ഥകളില്‍ കണ്ടു വരുന്ന ബുര്‍ക്ക്‌ഹോള്‍ഡേറിയ എന്ന സൂക്ഷ്മജീവി വിഭാഗത്തില്‍ പെടുന്ന രണ്ടു പുതിയ സ്പീഷീസുകളെയാണ് സ്മിതയുടെ പഠനത്തിലൂടെ കണ്ടെത്തിയത്. കീടനാശിനിയിലും കളനാശിനിയിലും അടങ്ങിരിക്കുന്ന വിഷവസ്തുക്കളെ വിഘടിപ്പിക്കാന്‍ കഴിവുള്ള ബാക്ടീരിയങ്ങളും മണ്ണിലെ അണുക്കളെ പ്രതിരോധിച്ച് വിളകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബാക്ടീരിയങ്ങളും ഈ വിഭാഗത്തില്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. കൃത്രിമമായി വികസിപ്പിച്ചെടുക്കുന്ന സസ്യങ്ങളുടെ വിത്തുല്‍പ്പാദനത്തെ നിയന്ത്രിക്കുന്നതിനും സസ്യങ്ങളുടെ വേരില്‍ വരുന്ന രോഗങ്ങളെ കണ്ടെത്തുന്നതിനും നിലം പരിശോധന നടത്തുന്നതിനും ബുര്‍ക്ക്‌ഹോള്‍ഡേറിയ ബാക്ടീരിയകളെ ഉപയോഗിക്കുന്നു. സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് മാലിന്യത്തെ വേര്‍തിരിച്ചെടുക്കുന്ന ബയോറെമഡിയേഷന്‍ എന്ന പ്രക്രിയക്കായും ഇവയെ ഉപയോഗിക്കുന്നുണ്ട്.

 

സ്യൂഡോമൊണസ് സ്പീഷീസിലെ ബാക്ടീരിയങ്ങള്‍ പരിസ്ഥിതിയില്‍ ധാരാളം കാണപ്പെടുന്നവയാണ്. വിളകളിലെ ജൈവനിയന്ത്രണത്തിനായും മാലിന്യം വേര്‍തിരിച്ചെടുക്കുന്നതിനും ഇവയെ ഉപയോഗിക്കാം. അരോമാറ്റിക് സംയുക്തങ്ങള്‍, ഹാലജന്‍ ലവണങ്ങള്‍, ലയിക്കാന്‍ പ്രയാസമുള്ള ഘടകങ്ങള്‍ എന്നിവയെ വിഘടിപ്പിക്കുന്നതിനുള്ള ശേഷിയും ഇവയ്ക്കുണ്ട്. കൂടാതെ, അണുനാശിനികളെ പ്രതിരോധിച്ച് പ്രതികൂല സാഹചര്യങ്ങളില്‍ വളരുന്നതിനുള്ള പ്രാപ്തിയുമുണ്ട്.