Skip to main content
തിരുവനന്തപുരം

 

ഓള്‍ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്ന്‍ നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. എയിംസിന്റെ കാര്യത്തിൽ സർക്കാർ കാലതാമസം വരുത്തിയെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടി പി.ടി.എ റഹീമാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.എന്നാല്‍ എയിംസിന്‍റെ കാര്യത്തില്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് എയിംസ് സ്ഥാപിക്കുന്നതിനായി നാല് സ്ഥലങ്ങൾ കണ്ടെത്തിയതായുംആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു.

 

സ്ഥലം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ല. കഴിഞ്ഞ 19-നാണ് കേന്ദ്രത്തിന്‍റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചത്. 30 ദിവസത്തിനുള്ളില്‍ വിവരം അറിയിക്കണമെന്നായിരുന്നു കേന്ദ്രം നിര്‍ദേശം. തിരുവനന്തപുരത്ത് നെട്ടുകാൽത്തേരി,​ കോട്ടയത്ത് മെഡിക്കൽ കോളേജും അതിനോട് ചേർന്നുള്ള സ്ഥലവും,​ എറണാകുളത്ത് കളമശേരിയിൽ എച്ച്.എം.ടി കോമ്പൗണ്ടിലെ 200 ഏക്കർ, കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്നും ശിവകുമാര്‍ പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇന്ന് തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് വി.എസ് ശിവകുമാര്‍ സഭയെ അറിയിച്ചു.

 

എയിംസിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഐ.ഐ.ടി സംബന്ധിച്ച എല്ലാ നടപടികളും യു.പി.എ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എയിംസും ആര്‍.സി.സിയും ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.