Skip to main content
തിരുവനന്തപുരം

ആറന്മുള വിമാനത്താവളത്തെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. നിയമപരവും പരിസ്ഥിതി സൗഹാർദ്ദപരവുമെങ്കിൽ ആറന്മുള വിമാനത്താവള പദ്ധതിയെ എതിര്‍ക്കില്ലെന്ന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുളള അനുമതി നേടിയെടുക്കേണ്ടത് വിമാനത്താവള കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എ ബേബിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

ആറന്മുള വിമാനത്താവള പദ്ധതിയെ എതിർക്കുന്നവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവിടത്തെ ഫലം എന്തായിരുന്നുവെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും പരിസ്ഥിതി സൗഹാർദ്ദമായ വിമാനത്താവളമാണ് വരേണ്ടതെന്നും ധനമന്ത്രി കെ.എം മാണിയും പറഞ്ഞു.

 

2013 നവംബര്‍ 18-ന് വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ജസ്റ്റിസ് എം. ചൊക്കലിംഗവും ഡി.ആര്‍. നാഗേന്ദ്രനുമുള്‍പ്പെട്ട ബെഞ്ചാണ് അനുമതി റദ്ദാക്കിയത്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

 

അതേസമയം കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ എന്‍.ഒ.സി മരവിപ്പിച്ച നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജനം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പമ്പയും അച്ചന്‍കോവിലും പൂര്‍ണമായും സംസ്ഥാനത്തിന്റെ അധികാരനിയന്ത്രണത്തിലാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.