Skip to main content
കൊച്ചി

tejomaya infopark

 

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 350 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. ഇന്‍ഫോപാര്‍ക്ക് ക്യാംപസിലെ എല്‍ ആന്‍ഡ് ടി ടെക് പാര്‍ക്ക് 150 കോടി രൂപയ്ക്ക് ലുലു ഏറ്റെടുത്തിരുന്നു. ലുലു ടെക് പാര്‍ക്ക് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഇതില്‍ 350 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.

 

ഇന്‍ഫോപാര്‍ക്കിലെ 7.44 ഏക്കര്‍ ക്യാംപസില്‍ തേജോമയ എന്ന പേരില്‍ നാലു ലക്ഷം ചതുരശ്ര അടിയുള്ള മന്ദിരം ഇപ്പോള്‍ എല്‍ ആന്‍ഡ് ടിയ്ക്ക് ഉണ്ട്. ഇതിന്റെ ഏറ്റെടുക്കലിനുശേഷം മറ്റൊരു ഒമ്പതുലക്ഷം ചതുരശ്ര അടി സ്ഥലത്തു കൂടി ഐ.ടി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടം സജ്ജീകരിക്കാനാണ് ലുലു ഗ്രൂപ്പ് 350 കോടി രൂപ നിക്ഷേപിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഏകജാലക ബോര്‍ഡിന്റെയും മുന്നില്‍ ഇവര്‍ ഇതിനായുള്ള നിര്‍ദ്ദേശം അംഗീകാരത്തിനായി സമര്‍പ്പിക്കും.

 

നിര്‍മാണം 2015 ഒക്ടോബര്‍ മാസത്തോടെ തുടങ്ങാനാകുമെന്നും മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നുമാണ് കരുതുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ ഇന്‍ഫോപാര്‍ക്കില്‍ 13,000 മുതല്‍ 15,000 പേര്‍ക്കുവരെ കൂടുതലായി തൊഴില്‍ നല്‍കാനാകുമെന്നാണ് കണക്കാക്കുന്നത്.

 

കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ 160 ഏക്കര്‍ വരുന്ന രണ്ടാംഘട്ടത്തില്‍ ഇതിനകം ആറ് കമ്പനികള്‍ തങ്ങളുടെ ഐടി ക്യാംപസുകള്‍ വികസിപ്പിക്കാനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.