Skip to main content
തിരുവനന്തപുരം

 

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖിലെ മലയാളി നഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവരെ തിരിച്ചു കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. എന്നാല്‍ നഴ്സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള വഴികള്‍ ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാദ്ധ്യതകള്‍ തേടുമെന്നും ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാനപതിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും യോഗത്തില്‍ പുതിയ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കഴിഞ്ഞ രണ്ടാഴ്ചയായി 46 മലയാളി നഴ്സുമാര്‍ തിക്രിതില്‍ കുടുങ്ങിയിരിക്കുകയാണ്. 35 പേര്‍ ഏതുസമയവും തിരികെ പോകാന്‍ തയ്യാറായിരിക്കുകയാണ്. തലസ്ഥാനമായ ബാഗ്ദാദിലേക്ക് തിക്രിതില്‍ നിന്ന്‍ രണ്ട് മണിക്കൂര്‍ സഞ്ചരിച്ചെത്താവുന്ന ദൂരമേയുള്ളൂ. എന്നാല്‍, 11 പേര്‍ ഇറാഖില്‍ തുടരാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല.