Skip to main content
തിരുവനന്തപുരം

tessy thomasഇരുപത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഇന്ത്യന്‍ മിസൈല്‍ ദൗത്യത്തിലെ പ്രധാനിയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസ്സി തോമസ് ചെയര്‍പേഴ്സണ്‍ ആയി പങ്കെടുക്കും. 2015 ജനുവരി 28 - 31 തിയതികളില്‍ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടിയില്‍ പരമ്പരാഗത വ്യവസായങ്ങള്‍ എന്നതാണ് കേന്ദ്ര വിഷയം.

 

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്ക്) സഹകരണത്തോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (കെ.എസ്‌.സി.എസ്.ടി.ഇ) നേതൃത്വത്തിലാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ്ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. വി.എന്‍ രാജശേഖരന്‍ പിള്ളയാണ് സയന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റ്. കൗണ്‍സില്‍ വിമെന്‍ സയന്റിസ്റ്റ്‌സ് ഡിവിഷന്‍ മേധാവി ഡോ. കെ.ആര്‍ ലേഖയാണ് ജനറല്‍ കണ്‍വീനര്‍.
 

യുവ ഗവേഷകരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 2000 പ്രതിനിധികള്‍ പങ്കെടുക്കും. ലക്ചര്‍ സെഷന്‍, പരമ്പരാഗത വ്യവസായങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍, കുട്ടികളുടെ സയന്‍സ് കോണ്‍ഗ്രസ്, കെ.എസ്‌.സി.എസ്.ടി.ഇ യുടെ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ എന്നിവയാണ് നാലുദിവസത്തെ കോണ്‍ഗ്രസില്‍ നടക്കുക. ശാസ്ത്ര സാങ്കേതിക മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ അടിസ്ഥാനമാക്കിയ ഗവേഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും പരിപാടി വേദിയാകും. നാറ്റ്പാക്ക് ഡയറക്ടര്‍ ബി.ജി ശ്രീദേവി അദ്ധ്യക്ഷയായി സയന്‍സ് കോണ്‍ഗ്രസിന്റെ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.