Skip to main content
തിരുവനന്തപുരം

 

ട്രോളിംഗ് നിരോധനവും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നേരിട്ട്കൊണ്ടിരിക്കുന്ന പ്രതിസന്ധിയും നിയമസഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പി.കെ ഗുരുദാസനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. മത്സ്യഫെഡിന്റെയും ക്ഷേമനിധിയുടെയും പ്രവര്‍ത്തനം സ്തംഭിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.

 

ക്ഷേമനിധിയില്‍ 178 കോടിയുടെ കുടിശ്ശികയുണ്ടെന്നും ട്രോളിംഗ് നിരോധനം കൂടി എത്തിയതോടെ വലിയ പ്രതിസന്ധിയാണ് മത്സ്യതൊഴിലാളികള്‍ നേരിടുന്നതെന്നും പി.കെ ഗുരുദാസന്‍ പറഞ്ഞു. മധുരം പുരട്ടിയ വാക്കുകളല്ല നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്ന്‍ ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

 

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മന്ത്രി കെ.ബാബു തള്ളി. മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന പെന്‍ഷന്‍ വര്‍ധിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും പെന്‍ഷനിലെ മൂന്ന് മാസത്തെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്നും കൂടാതെ ട്രോളിംഗ് നിരോധന കാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനായി 20 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.