Skip to main content
തിരുവനന്തപുരം

openispsce launched in technopark

 

സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക്- ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (ടി.ബി.ഐ) യുവ വിദ്യാര്‍ഥി സംരംഭകര്‍ക്കും പുത്തന്‍ ആശയദാതാക്കള്‍ക്കും വേണ്ടി 'ഓപ്പണ്‍ഐ സ്പേസ്' എന്ന പേരില്‍ ഓപ്പണ്‍ ഇന്നൊവേഷന്‍ സ്പേസ് തുറന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഐടി-വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 പരിപാടിയുടെ ഭാഗമായി നടത്തുന്ന യുവ സംരംഭക ഉച്ചകോടിയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചതിനൊപ്പമായിരുന്നു ഓപ്പണ്‍ഐസ്പേസിന്റെ ഉദ്ഘാടനവും. ടെക്നോപാര്‍ക്ക്, ടെക്നോപാര്‍ക്ക് ടി.ബി.ഐ, ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര, സ്റ്റാര്‍ട്ടപ്പ് വില്ലേജ്, ടി.ഐ.ഇ, സി.ഐ.ഐ എന്നിവയുടെ സഹകരണത്തോടെ സെപ്തംബര്‍ 12-ന് കൊച്ചിയില്‍ കെ.എസ്‌.ഐ.ഡി.സിയാണ് യുവ സംരംഭക ഉച്ചകോടി സംഘടിപ്പിക്കുന്നത്.

 

ടെക്നോപാര്‍ക്കില്‍ ഐ.ടി സംരംഭങ്ങള്‍ സജ്ജീകരിക്കാന്‍ താല്‍പര്യപ്പെടുന്ന യുവ സംരംഭകര്‍ക്ക് വൈ-ഫൈ ഇന്റര്‍നെറ്റ് സൗകര്യത്തോടെ ജോലി ചെയ്യാനുള്ള സൗകര്യങ്ങളാണ് ഓപ്പണ്‍ഐസ്പേസ് സ്റ്റാര്‍ട്ടപ്പ് ഹട്ടുകളിലൂടെ ലഭ്യമാക്കുന്നത്. ടെക്നോപാര്‍ക്ക് ടിബിഐയും ആര്‍.ഐ.ഡബ്ലിയുവും (രാജധാനി ടെക്‌നോളജീസ്-ഇസ്ട്രിയാന്‍ ടെക്‌നോളജീസ്-വേബിയോ വെഞ്ച്വേഴ്‌സ്) ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. 190 സ്റ്റാര്‍ട്ടപ്പുകളെ കൂടാതെ 40 സ്ഥാപനങ്ങള്‍ ടി.ബി.ഐയില്‍ വില്‍ച്വല്‍ സ്പേസ് പങ്കിടുന്നുണ്ട്. ഓപ്പണ്‍ ഇന്നൊവേഷന്‍ സ്പേസ് അവര്‍ക്ക് ജോലി ചെയ്യാന്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുകയാണ്. ഒരേസമയം 12 പേര്‍ക്കുവരെ ഇരുന്നു ജോലിചെയ്യാന്‍ കഴിയുന്ന ഹട്ടുകളാണ് ഓപ്പണ്‍ഐസ്പേസില്‍ ലഭ്യമാക്കുന്നത്.

 

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലളിതമായ മാസച്ചെലവില്‍ 50 സൗജന്യ ഇ മെയില്‍ ഐഡികള്‍, സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകള്‍, വിര്‍ച്വല്‍ വര്‍ക്ക് സ്പേസുകള്‍, സെര്‍വറുകള്‍, സഞ്ചിത അടിസ്ഥാനസൗകര്യങ്ങള്‍, മറ്റ് ഹാര്‍ഡ്‌വെയര്‍ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഓപ്പണ്‍ഐസ്പേസ് ഹട്ടുകള്‍ ലഭ്യമാക്കും. ബ്രിംഗ് യുവര്‍ ഓണ്‍ ഡിവൈസ് (ബി.വൈ.ഒ.ഡി), പാസ്, സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് (എസ്.എ.എ.എസ്) തുടങ്ങിയ ആശയങ്ങളേയും പ്രോല്‍സാഹിപ്പിക്കും. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ വിവര സംഭരണത്തിന് അവസരം ഒരുക്കുന്ന ഡേറ്റാ ഫാം സൗകര്യം ലഭ്യമാക്കാന്‍ എച്ച്.പി ക്ലൗഡ് സര്‍വ്വീസസ്, ഐ.ബി.എം ബ്ലൂമിക്‌സ് എന്നീ സ്ഥാപനങ്ങളുമായി ടി.ബി.ഐ ഈയിടെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.