Skip to main content
തിരുവനന്തപുരം

 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെരിറ്റ് സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം അംഗം ടി.വി രാജേഷാണ് നോട്ടീസ് നല്‍കിയത്. സീറ്റ് മാനേജ്മെന്റുകള്‍ ലേലം ചെയ്യുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 

പല കോളജുകളിലും പ്രവേശന നടപടി പൂര്‍ത്തിയായി കഴിഞ്ഞു. 12 മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെരിറ്റ് സീറ്റില്‍ 25000 മുതല്‍ 40000 രൂപ വരെയായിരുന്നു ഫീസ്. ഇത്തവണ 85 ശതമാനം സീറ്റുകളിലും ഫീസ് നാലു ലക്ഷം മുതല്‍ അഞ്ചര ലക്ഷം രൂപ വരെയായിട്ടുണ്ട്. എന്‍.ആര്‍.ഐ സീറ്റില്‍ 11 ലക്ഷം രൂപയാണ് ഫീസ് ഈടാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

 

മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് സീറ്റുകള്‍ നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സെപ്തംബര്‍ 30-വരെ അഡ്മിഷന് സമയമുണ്ട്. ഇതിനകം പ്രശ്‌നം പരിഹരിക്കുമെന്നും സ്വാശ്രയ മാനേജുമെന്റുമായി ധാരണയുണ്ടാക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. പത്തു ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്നും ശിവകുമാര്‍ അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതി പക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.