Skip to main content
ന്യൂഡല്‍ഹി

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖിലെ മലയാളികള്‍ സുരക്ഷിതരാണെന്നും അവരെ ഉടന്‍ രാജ്യത്തേയ്ക്ക് തിരിച്ച് കൊണ്ടുവരാനാകില്ലെന്നും ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇറാഖില്‍നിന്നു പോകേണ്ടവര്‍ക്ക്‌ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നു വ്യക്‌തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം നഴ്‌സുമാരും അവിടെ തുടരാനാണു താത്‌പര്യപ്പെടുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

 

വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കോണ്‍ഗ്രസ്‌ അറിയിച്ചു. ഇഖാറിലുള്ളവരെ രക്ഷിക്കാന്‍ എംബസിയില്‍ സഹായം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായിട്ടില്ലെന്ന് മഹിള കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ ബിന്ദുകൃഷ്ണ ആരോപിച്ചു. അതേസമയം മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുമെന്നും ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക് നോര്‍ക്ക ആരംഭിച്ചതായും മന്ത്രി കെ.സി ജോസഫ് നിയമസഭയില്‍ പറഞ്ഞു. ഇറാഖിലെ എല്ലാ മലയാളികളും സുരക്ഷിതരാണെന്നും മന്ത്രി അറിയിച്ചു.

 

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ ഒട്ടേറെ ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. 42 മലയാളികളാണ് ഇപ്പോള്‍ അവിടെ കുടുങ്ങിയിട്ടുള്ളത്. ഇതില്‍ ചിലര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആറു മാസമായി ശംബളം കിട്ടാതെ ജോലി ചെയ്യുന്നവര്‍ അവിടെ തന്നെ തുടരാനാണ്. റെഡ്‌ക്രെസന്റ് സൊസൈറ്റിയുടെ സഹായത്തോടെ ഇന്ത്യക്കാരെ രക്ഷിയ്ക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.