Skip to main content
തൃശ്ശൂര്‍

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന്‍ പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വളപ്പടച്ചി റഫീഖ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൂന്ന് പേരെയും വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുരയിലേക്ക് കൊണ്ടുപോയത്. ജയില്‍ ഡി.ജി.പിയുടെ അടിയന്തര ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

 

സിജിത്തില്‍ നിന്ന്‌ കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ്‌ പിടികൂടിയിരുന്നു. ആയിരത്തിലേറെ കോളുകളാണ് ആ ഫോണ്‍ ഉപയോഗിച്ച് സിജിത്ത് നടത്തിയിരിക്കുന്നത്. അതില്‍ പലതും സി.പി.ഐ.എം പ്രാദേശിക നേതാക്കളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഡി-ബ്ലോക്കില്‍ നിന്ന് നാല് ഫോണുകള്‍ കൂടി കണ്ടെടുത്ത സാഹചര്യത്തിലാണ് അടിയന്തരമായി ജയില്‍ മാറ്റത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

 

കഴിഞ്ഞ ആഴ്ച മുഹമ്മദ് ഷാഫിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മാഹിയില്‍ വച്ച് പോലീസ് മദ്യം വാങ്ങിയതും വലിയ വിവാദമായിരുന്നു. ശിക്ഷ വിധിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ടി.പി കേസിലെ പ്രതികളെ ജയില്‍ മാറ്റുന്നത്. ടി.പി വധക്കേസിലെ ഒമ്പത് പ്രതികളാണ് വിയ്യൂര്‍ ജയിലില്‍ കഴിയുന്നത്. ബാക്കിയുള്ള ആറ് പേരെക്കൂടി ജയില്‍ മാറ്റാന്‍ സാധ്യതയുണ്ട്.