Skip to main content
റാഞ്ചി

 

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അറിയിച്ചു. ജോലിക്കു വേണ്ടി കുട്ടികളെ കൊണ്ടുപോകുന്ന സംഭവങ്ങള്‍ നേരത്തേയും സംസ്ഥാനത്ത് നടന്നിരുന്നു എങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്നും ചെറിയ പ്രായത്തിലുള്ള കുട്ടികളെ കൊണ്ടുപോകുന്നതിനു പിന്നില്‍ പല ഉദ്ദേശങ്ങളും ഉണ്ടാകാമെന്നും അതുകൊണ്ടു തന്നെ നടന്നത് മനുഷ്യക്കടത്താണെന്ന കാര്യത്തില്‍ സംശയമില്ലെന്നുമായിരുന്നു ഹേമന്ദ് സോറന്‍ പറഞ്ഞത്.

 

അതെ സമയം കുട്ടികളെ അന്യനാടുകളില്‍ നിന്നും വ്യാജരേഖ ചമച്ച് അനധികൃതമായി കൊണ്ടുവരുന്നുണ്ടെന്നും ഇതിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു. എന്നാല്‍ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്നും നിയമലംഘനം മാത്രമാണെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും സംസ്ഥാനത്ത് പഠിക്കാന്‍ അവകാശമുണ്ടെന്നും അനാഥാലയങ്ങളില്‍ പരിശോധന നടത്തുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുനീര്‍ പറഞ്ഞു.

 

ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി. യൂണിവേഴ്സിറ്റി കോളജിനടുത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു. എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോവാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കയും പ്രയോഗിച്ചു. ചിലരെ അറസ്റ്റ് ചെയ്തു നീക്കി. അനാഥശാല വിഷയത്തില്‍ സര്‍ക്കാര്‍ ലീഗിന് വിടുപണി ചെയ്യുകയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.