Skip to main content
ആലുവ

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികളിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.ആലുവ പാലസില്‍ വച്ച് രാവിലെ തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയാറായില്ല.

 

കുട്ടികളെ കടത്തിക്കൊണ്ടുവന്ന വിഷയത്തിൽ ആഭ്യന്തര വകുപ്പും സാമൂഹ്യക്ഷേമ വകുപ്പും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. രേഖകളില്ലാതെ കുട്ടികളെ എത്തിച്ചതിനെതിരെ ആഭ്യന്തര വകുപ്പ് ശക്തമായ നിലപാടെടുത്തപ്പോൾ മുസ്ലിം ലീഗ് മന്ത്രിയുടെ കീഴിലുള്ള സാമൂഹ്യക്ഷേമ വകുപ്പ് നിസാര സംഭവമായാണ് കണ്ടിരുന്നത്. ഇതിനെതിരെ നാഷണൽ ട്രസ്റ്റ് ഫോർ ട്രൈബൽ എഡ്യൂക്കേഷൻ ഡെവലപ്പ്മെന്റ് ആൻഡ് റിസർച്ച് നൽകിയ പരാതിയിലാണ് സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയത്.

 

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ കൊണ്ടുവന്നകുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് മോചിപ്പിച്ചിരുന്നു. മേയ് 24, 25 തിയതികളില്‍ രണ്ട് സംഘമായി കൊണ്ടുവന്ന കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന എട്ടുപേരെ ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.