Skip to main content
തിരുവനന്തപുരം

smoke freeക്യാംപസുകളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ് പദ്ധതിയുടെ രൂപരേഖ തയ്യാറായി. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇത് തയ്യാറാക്കിയത്. ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതി ജൂണ്‍ 13-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.  

 

പദ്ധതിയുടെ ഭാഗമായി തീയേറ്ററുകള്‍, പാര്‍ക്കുകള്‍, സ്റ്റേഡിയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ബിവറേജസ് കോപ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് തുടര്‍ച്ചയായി പരിശോധന നടത്തും. ക്ലാസുകളില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ പിടികൂടുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, പരിശോധനയില്‍ പിടികൂടുന്ന വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാതെ രക്ഷിതാക്കളെയോ അധ്യാപകരെയോ വിവരം അറിയിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് രൂപരേഖ നിര്‍ദ്ദേശിക്കുന്നു.

 

സ്കൂകളില്‍ പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതിയ്ക്ക് ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളുടെ സഹകരണവും ഉറപ്പ് വരുത്താന്‍ തീരുമാനമായി. പി.ടി.എ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സേവനവും പദ്ധതിയുടെ വിജയത്തിനായി ഉപയോഗപ്പെടുത്തും.

 

പദ്ധതിയുടെ ഭാഗമായി ഇതിനോടകം തന്നെ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിവരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 4015 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 542 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.