Skip to main content
കൊച്ചി

infopark

 

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടത്തില്‍ ഐ.ടി ക്യാംപസുകള്‍ തുടങ്ങുന്നതിന് കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തി. യു.എസ്.ടി ഗ്ലോബല്‍, ട്രാന്‍സ് ഏഷ്യ, ക്ലേയ്‌സിസ്, മീഡിയ സിസ്റ്റംസ്, സിസ്‌കോണ്‍ ഗ്രൂപ്പ്, ബ്രിഗേഡ് എന്റര്‍പ്രൈസസ് എന്നീ ആറു കമ്പനികളാണ് ക്യാംപസുകള്‍ തുടങ്ങാന്‍ പുതുതായി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

 

2014-15 സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ക്ക് ജോലി നല്‍കാനാകുമെന്ന്‍ പ്രതീക്ഷിക്കുന്നതായി ഇന്‍ഫോപാര്‍ക്കില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2500 കോടി രൂപയുടെ പദ്ധതി തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ഇന്‍ഫോപാര്‍ക്കിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഫെര്‍‌സ്റ്റോണ്‍ ഇന്‍ഫ്രാറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും അബാദ് ബില്‍ഡേഴ്‌സും സംയുക്തമായാണ് ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തില്‍ ഐ.ടി അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നത്. പൊതുവായ വഴിയും 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷനും മലിനജല നിര്‍ഗമന മാര്‍ഗങ്ങളും കേബിള്‍ ട്രഞ്ചുകളും ഡേറ്റാ കണക്ടിവിറ്റിയും ജലശുദ്ധീകരണ വിതരണ സംവിധാനവുമെല്ലാമുള്ള അത്യാധുനിക ഐടി പാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുക.

 

രണ്ടാംഘട്ടത്തില്‍ 15 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുള്ള കൊഗ്നിസന്റിന്റെ ആദ്യഘട്ടത്തിലെ ക്യാംപസ് ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഉറച്ച വളര്‍ച്ച കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടസൗകര്യം 2015-ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 2000 കോടി രൂപയുടെ കയറ്റുമതി വരുമാനവും പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം സംഗമത്തില്‍ വ്യക്തമാക്കി.

 

ഒന്നാം ഘട്ടത്തില്‍ ടി.സി.എസ് ക്യാംപസും ബ്രിഗേഡ് ക്യാംപസും നിര്‍മാണം പുരോഗമിക്കുകയാണ്. ടി.സി.എസ് ക്യാംപസ് ഈ വര്‍ഷം രണ്ടാംപാദത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ബ്രിഗേഡ് ക്യാംപസിന്റെ ആദ്യഘട്ടം 2015 ആദ്യപാദത്തില്‍ പ്രവര്‍ത്തനസജ്ജമാകും.