Skip to main content
പാലക്കാട്

 

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ ഇടനിലക്കാരനെ ക്രൈംബ്രാഞ്ച്‌ ഝാര്‍ഖണ്ഡില്‍ അറസ്‌റ്റു ചെയ്‌തു. കുട്ടികളെ കടത്തുന്നതിലെ മുഖ്യകണ്ണികളില്‍ ഒരാളായ ഝാര്‍ഖണ്ഡ്‌ സ്വദേശിയായ ഷക്കീല്‍ എന്നയാളാണ്‌ അന്വേഷണ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്‌. കുട്ടികളെ കടത്താനുള്ള വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കുന്നതും രക്ഷിതാക്കളെ ക്യാന്‍വാസ്‌ ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്‌ ഷക്കീല്‍ ചെയ്‌തിരുന്നത്‌.

 

കുട്ടികളെ കേരളത്തിലേക്ക്‌ കൊണ്ടുവരാനുള്ള രേഖകള്‍ക്കായി ഷക്കീലിന്‌ പണം നല്‍കിയെന്ന്‌ പാലക്കാട്ടെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു മുമ്പും മുക്കത്തെ ഓര്‍ഫനേജിനും സംസ്ഥാനത്തെ മറ്റ് അനാഥാലയങ്ങള്‍ക്കും ഇയാള്‍ കൂട്ടികളെ കടത്താന്‍ കൂട്ട് നിന്നിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം പാ‍ലക്കാട് ഓര്‍ഫനേജിലുള്ള കുട്ടികളെ ഝാര്‍ഖണ്ഡ്‌ ലേബര്‍ കമ്മീഷണര്‍ ഡോ. മനീഷ് രഞ്ചന്‍ സന്ദര്‍ശിച്ചു. പാലക്കാട് ഓര്‍ഫനേജിലുള്ള 31 കുട്ടികളെക്കൂടി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ ശിശുക്ഷേമ സമിതിയും തീരുമാനിച്ചിട്ടുണ്ട്.

 

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അഭിപ്രായമുണ്ടായിരുന്നു. അനാഥാലയങ്ങള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ലക്ഷ്യത്തിനൊപ്പം മാര്‍ഗ്ഗവും സുതാര്യമായിരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.അതേസമയം സംഭവം മനുഷ്യക്കടത്താണെന്ന് കുട്ടികളെ സന്ദര്‍ശിച്ച ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പും മനുഷ്യാവകാശ കമ്മീഷനും സമാന നിലപടെടുത്തിരുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.

 

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ കൊണ്ടുവന്ന 580 കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് മോചിപ്പിച്ചിരുന്നു. മേയ് 24, 25 തിയതികളില്‍ രണ്ട് സംഘമായി കൊണ്ടുവന്ന കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന എട്ടുപേരെ ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.