ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിശേഷിപ്പിച്ചതിനാണ് മുസ്തഫയെ സസ്പെന്റ് ചെയ്ത നടപടിയിലേക്ക് നയിച്ചത്. അന്വേഷണവിധേയമായാണ് സസ്‌പെന്‍ഷന്‍.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങള്‍ ഉണ്ടായെങ്കിലും രാഹുലിനെ ജോക്കറെന്ന് വിളിച്ചത് അതിര് കടന്നുവെന്ന് ഇന്നലെ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പരാജയത്തിന്റെ ഉത്തരവാദിത്വം സോണിയ ഗാന്ധിയിലും രാഹുൽ ഗാന്ധിയിലും മാത്രം ചുമത്തുന്നത് ശരിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരൻ പറഞ്ഞു. വീഴ്ചയുണ്ടാവുമ്പോൾ അതിൽ പതറിപ്പോവാതെ തെറ്റ് തിരുത്തി ജനവിശ്വാസം ആർജിച്ച് മടങ്ങി വരുകയാണ് വേണ്ടതെന്നും സുധീരൻ പറഞ്ഞു.
ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തി. ഇടുക്കിയിലെ പരാജയം അന്വേഷിക്കുക പി.എം സുരേഷ് ബാബു അധ്യക്ഷനായ സമിതിയാകും. മറ്റിടങ്ങളിലെ പരാജയത്തെക്കുറിച്ച് സി.വി പത്മരാജന്‍ കമ്മിറ്റിയാകും പരിശോധിക്കുക