കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുള്‍ സലാം ഇരട്ട വേതനം കൈപറ്റുന്നതായി ആരോപണം. പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ 1,97168 രൂപയാണ് പ്രതിമാസം വി.സിക്ക് ലഭിക്കുന്നതെന്നും ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാണിച്ച് സര്‍വകലാശാലാ ജീവനക്കാരുടെ സംയുക്ത സമരസമിതി ഗവര്‍ണക്ക് പരാതി നല്‍കി. എന്നാല്‍ അനധികൃതമായി ഒരു പൈസ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്ന് അബ്ദുള്‍സലാം വ്യക്തമാക്കി.
സര്‍വീസ് ചട്ടങ്ങളും നിയമങ്ങളും പ്രകാരം പുനര്‍നിയമനം നേടുന്നയാള്‍ക്ക് ഒരേസമയം ശമ്പളവും പെന്‍ഷന്‍ അനുബന്ധ ആനുകൂല്യങ്ങളും വാങ്ങാനാകില്ലെന്നാണ് സമരസമിതിയുടെ നിലപാട്. കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസറായിരിക്കെയാണ് ഡോ. അബ്ദുസ്സലാം കാലിക്കറ്റ് സര്‍വകലാശാലാ വി.സിയാവുന്നത്. 2011 ആഗസ്റ്റ് 11-ന് സ്വയം വിരമിക്കല്‍ നേടിയ ശേഷം പിറ്റേന്നാണ് ഇദ്ദേഹം വി.സിയായി ചുമതലയേറ്റത്. സമരസമിതി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ധനമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
അതേസമയം തനിക്കെതിരെ ഉന്നയിക്കുന്ന വാദത്തില്‍ കഴമ്പില്ലെന്ന പ്രസ്താപനയുമായി അബ്ദുള്‍ സലാം രംഗത്തെത്തി. അനധികൃതമായി താന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും ബന്ധപ്പെട്ട സെക്ഷനില്‍ താന്‍ സംശയം ഉന്നയിച്ചിരുന്നുവെന്നും സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കോണ്‍സലിന്‍റെ നിയമോപദേശം ഇക്കാര്യത്തില്‍ തേടുകയും വ്യക്തത വരുത്താന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാന്‍സലറുടെ ഓഫീസില്‍ നിന്നറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമോപദേശത്തിന്റെ പകര്‍പ്പ് ഹാജരാക്കിയിട്ടുണ്ടെന്നും അബ്ദുള്‍ സലാം പറഞ്ഞു.