തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേയ്ക്ക്. എണ്ണമറ്റ രോഗികള്‍ക്കു നല്‍കുന്ന ഉന്നത നിലവാരത്തിലുള്ള ചികിത്സ, സൗജന്യ മരുന്നു വിതരണത്തിനുള്ള സംവിധാനം, അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങി അര്‍ബുദ ചികിത്സാരംഗത്ത് ആര്‍.സി.സി കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരമാണിത്.
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക ദേശീയ പദ്ധതിയിലുള്‍പ്പെടുത്തി 120 കോടി രൂപ ആര്‍.സി.സിയിലെ സാങ്കേതിക വികസനത്തിനായി പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തപ്പെടുന്നതിലൂടെ ഓരോ വര്‍ഷവും ആര്‍.സി.സിയിലേയ്ക്ക് എത്തുന്ന രണ്ടു ലക്ഷത്തില്‍ പരം രോഗികള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവി ദേശീയ അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേയ്ക്കുള്ള ചവിട്ടുപടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.സി.സിയില്‍ പണിതുകൊണ്ടിരിക്കുന്ന പത്തു നില കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴുള്ള സ്ഥലപരിമിതി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 1.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം വര്‍ഷാവസാനത്തോടെ ഉപയോഗയോഗ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍.സി.സിയില്‍ ഓരോ വര്‍ഷവും പതിനയ്യായിരത്തില്‍ പരം പുതിയ രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരില്‍ 45 ശതമാനം പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. ഓരോ വര്‍ഷവും 12 കോടി രൂപ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള രോഗികളുടെ ചികിത്സയ്ക്കായി ചെലവഴിക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ചിസ് പ്ലസ്, കാരുണ്യ ചികിത്സാ സഹായ പദ്ധതി, അര്‍ബുദ സുരക്ഷാ പദ്ധതി തുടങ്ങിയ സംരംഭങ്ങളുമായും ആര്‍.സി.സി സഹകരിക്കുന്നുണ്ട്. ഇത്തരം ക്ഷേമപദ്ധതികളിലുള്‍പ്പെടുത്തി 20,000 രോഗികള്‍ക്കായി 65 കോടി രൂപയുടെ ചികിത്സ ലഭ്യമാക്കാനും ആര്‍.സി.സിയ്ക്കു കഴിഞ്ഞു. ആര്‍.സി.സിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ മരുന്നു ബാങ്ക് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാണ്. പാവപ്പെട്ട രോഗികള്‍ക്ക് വാര്‍ഡുകളില്‍ സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.
സമൂഹത്തില്‍ പൊതുവെ കണ്ടുവരുന്ന ക്യാന്‍സറുകള്‍ക്ക് ചെലവുകുറഞ്ഞ ഫലപ്രദമായ ചികിത്സാ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍.സി.സി ഊന്നല്‍ നല്‍കുന്നു. അര്‍ബുദം സംബന്ധിച്ച വിഷയങ്ങളിലെ ഏറ്റവും മികച്ച അധ്യാപന പരിശീലന കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ആര്‍.സി.സി. 600 ഓളം മാനദണ്ഢങ്ങള്‍ പാലിച്ച് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ ആദ്യത്തെ അര്‍ബുദ ആശുപത്രി ആകാനൊരുങ്ങുക കൂടിയാണ് ആര്‍.സി.സി.