Skip to main content
തിരുവനന്തപുരം

രത്നവ്യാപാരി ഹരിഹര വർമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്കും കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴത്തുക ഹരിഹര വർമ്മയുടെ ഭാര്യക്ക് നല്‍കണമെന്നാണ് അതിവേഗ കോടതി ജഡ്ജി കെ.കെ.സുജാത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം.ജിതേഷ്, കുറ്റിയാടി കോവുമ്മള്‍ ഹൗസില്‍ അജീഷ്, തലശ്ശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍ ,ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ്, കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കോടതി ശിക്ഷ വിധിച്ചത്. കേസിലെ ആറാം പ്രതിയും ഹരിഹര വർമ്മയുടെ സുഹൃത്തുമായ അഡ്വക്കേറ്റ് ഹരിദാസിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.

 

രത്‌നങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഹരിഹര വര്‍മ്മയുടെ വീട്ടിലെത്തിയ പ്രതികള്‍ അദ്ദേഹത്തെ കൊല്ലപ്പെടുത്തി എന്നതായിരുന്നു കേസ്. നേരത്തെ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് സംഘം ഡിസംബര്‍ 24-ന് ഹരിഹര വര്‍മയുടെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി. രത്‌നവ്യാപാര ചര്‍ച്ചയ്ക്കിടെ വര്‍മയ്ക്കും ഹരിദാസിനും ജ്യൂസ് നല്‍കുകയും ക്ലോറോഫോം മണപ്പിക്കുകയും ചെയ്തു. ഇരുവരും മയങ്ങിയതോടെ രത്‌നങ്ങള്‍ തട്ടിയെടുത്ത സംഘം ഓട്ടോയിലും കാറിലുമായി രക്ഷപ്പെട്ടു. ക്ലോറോഫോമിന്റെ അളവ് കൂടിപ്പോയതാണ് വര്‍മ്മയുടെ മരണത്തില്‍ കലാശിച്ചത്.