Skip to main content
തിരുവനന്തപുരം

av georgeകോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന്‍ ഡോ. എ.വി ജോര്‍ജിനെ പുറത്താക്കി. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഷീല ദീക്ഷിത്താണ് തിങ്കളാഴ്ച പുറത്താക്കല്‍ ഉത്തരവിറക്കിയത്. നിയമന യോഗ്യത സംബന്ധിച്ച വിവാദത്തെ തുടര്‍ന്നാണ്‌ നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വൈസ് ചാന്‍സലറെ പുറത്താക്കുന്നത്.

 

ഇന്ന്‍ രാവിലെ എ.വി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. രാജിവെക്കാന്‍ അനുവദിക്കണമെന്ന് എ.വി ജോര്‍ജ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് ഇദ്ദേഹം അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

 

വൈസ് ചാന്‍സലര്‍ സ്ഥാനത്തിന് അപേക്ഷിക്കുന്നതിന് യു.ജി.സി നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ എ.വി ജോര്‍ജിന് ഇല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‍ അന്നത്തെ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സര്‍ക്കാറില്‍ നിന്ന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വി.സിയെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയ്ക്ക് തെറ്റായ വിവരങ്ങളാണ് ജോര്‍ജ് നല്‍കിയതെന്നായിരുന്നു ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണിന്റെ റിപ്പോര്‍ട്ട്.  

 

വി.സി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിന് ഏതെങ്കിലും സര്‍വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയില്‍ പ്രവര്‍ത്തന പരിചയം വേണമെന്ന് യു.ജി.സി 2010-ല്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായ ജോര്‍ജ് ഇത് വെളിപ്പെടുത്താതെ കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് വകുപ്പ് മേധാവിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമിതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് വ്യക്തമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.