Skip to main content
ന്യൂഡല്‍ഹി

 

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റിവെച്ചു. കേസില്‍ മുഖ്യമന്ത്രിക്കെതിരെ അധിക രേഖകള്‍ ഹാജരാക്കാന്‍ വി.എസ് അച്യുതാനന്ദന് സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗബഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

 

ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി.എസ് കോടതിയുടെ അനുമതി തേടിയിരുന്നു. പാമോലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. രണ്ട് തവണ അന്വേഷണം നടത്തിയിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

 

ഉമ്മന്‍ചാണ്ടിയെ കുറ്റവുമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വിഎസിന്റെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. പൊതുഖജനാവിന് രണ്ടര കോടി രൂപയോളം നഷ്ടമുണ്ടാക്കിയ ഇടപാടില്‍ ഏതെങ്കിലും സ്വകാര്യ കമ്പനിക്കായി ഉമ്മന്‍ചാണ്ടി ഇടപെട്ടതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്.