Skip to main content
പറവൂര്‍

കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്ന യുവതിയെ കിടപ്പുമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ പാലത്തിന് സമീപമുള്ള സെന്റ് ആന്‍സ് മടത്തിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ചെല്ലാനം മാളികപ്പുറം കടവുങ്കല്‍ വര്‍ഗീസിന്റെ മകള്‍ ഡെല്‍സിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ മഠത്തിലെ സന്ന്യാസാര്‍ത്ഥിനി ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി വലിയവീട്ടില്‍ റെയ്ച്ചലിനെ ആലുവ ഡിവൈ.എസ്.പി. വി.കെ. സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

 

വയറിനും ഇടതുകൈക്കും കാലിനും പൊള്ളലേറ്റ ടെല്‍സിയെ പറവൂര്‍ ഡോണ്‍ബോസ്‌കോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റ ഇവര്‍ ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. മഠത്തിലെ സഹപാഠികളായ ഈ യുവതികള്‍ തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. മെയ് 30-ന് രാത്രി ഒരു മണിക്കാണ് കൃത്യം നടന്നതെങ്കിലും പുറംലോകം ഇത് അറിഞ്ഞിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് വനിതാ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.