Skip to main content
കോട്ടയം

 

മാറാട് കലാപത്തെക്കുറിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാറാട് കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ തെളിവുകള്‍ അന്വേഷണ കമ്മീഷന് കൈമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനു വേണ്ടി മാറാട് കേസന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അട്ടിമറിച്ചതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സി.എം പ്രദീപ് കുമാര്‍ ആരോപിച്ചിരുന്നു.

 

പാക് ഭീകരന്‍ മുഹമ്മദ് ഫഹദും ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാവും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണം മയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നായിരുന്നു പ്രദീപ് കുമാര്‍ പറഞ്ഞത്. 2003-ലെ മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു സി.എം പ്രദീപ് കുമാര്‍.

 

മുസ്ലിം ലീഗിന്‍റെ പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാര്‍ ഭീകരവാദികളെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും ഇവരുടെ ഭാഗത്ത് നിന്ന്‍ ഉണ്ടാകുന്നുണ്ടെന്നുമുള്ള ആരോപണവുമായി ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രംഗത്തെത്തിയിരുന്നു.