Skip to main content
വയനാട്

വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കൈയ്യേറി കുടില്‍ക്കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. റവന്യു-പോലീസ് അധികൃതരുടെ കുടിയോഴിപ്പിക്കല്‍ ശ്രമത്തിനിടെ യുവാവും യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതെസമയം സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

 

നെടുമ്പാലയില്‍ നിന്നു കുടിയിറക്കിയവരെയാണ് റവന്യൂ- പോലീസ് സംഘം രാവിലെ കുടിയൊഴിപ്പിക്കാന്‍ എത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ബലമായി കുടിലുകളില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. 144 കുടുംബങ്ങളാണ് അരപ്പറ്റയില്‍ കുടില്‍കെട്ടി കഴിയുന്നത്.

 

ജനുവരിയിലാണ് അരപ്പറ്റയില്‍ കുടില്‍കെട്ടി കഴിയുന്ന കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കാനുള്ള കാലാവധി ഏപ്രില്‍ 30-ന് അവസാനിച്ചു. ഇനി സാവകാശം ഇല്ലാത്തതിനാല്‍ ഇന്ന് തന്നെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം. നാല് വില്ലേജുകളിലായി ആറിടങ്ങളിലാണ് കുടില്‍ കെട്ടിയിരിക്കുന്നത്. ഇതെല്ലാം ഒഴിപ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.

 

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പോലീസിനോട് ആത്മസംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.