Skip to main content
ന്യൂഡൽഹി

 

ഗെയ്ല്‍ ട്രെഡ്‌വല്ലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. മഠത്തിനെതിരെ കേസെടുക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് കേരളം അറിയിച്ചതിനെ തുടർന്നാണ് കേസ് തള്ളിയത്.

 

അമൃതാനന്ദമയി മഠത്തിനെതിരെ കേസ് എടുക്കാത്തതിനെ തുടര്‍ന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം,​ മുൻ ആഭ്യന്തര സെക്രട്ടറി എൽ. രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാർ ബെഹ്റ എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ ദീപക് പ്രകാശ് ഹർജി നൽകിയത്. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുക്കാത്തതെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.

 

ആരോപണങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുക്കുന്നതിന് വേണ്ട തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും 20 വർഷം മുന്പ് നടന്ന സംഭവത്തിൽ കേസെടുക്കാനാവില്ലെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാൽ അറിയിച്ചു.

 

അമൃതാനന്ദമയിയുടെ സന്തതസഹചാരിയായിരുന്ന വിദേശവനിത ഗെയ്ല്‍ ട്രെഡ്‌വല്ലിന്റെ ‘വിശുദ്ധ നരകം വിശ്വാസത്തിന്റേയും ശുദ്ധ ഭ്രാന്തിന്റേയും ഓര്‍മ്മപ്പെടുത്തല്‍’ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിമഠത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ബലാത്സംഗം, കള്ളപ്പണനിക്ഷേപം തുടങ്ങിയ ആരോപണങ്ങള്‍ പുസ്തകത്തില്‍ അമൃതാനന്ദമയിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.