Skip to main content
കൊച്ചി

 

സംസ്ഥാനത്ത് എല്‍.പി.ജി ട്രെക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. കേരള സ്‌റ്റേറ്റ്‌ ടാങ്കര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ്‌ സമരം. സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള വ്യവസ്‌ഥകള്‍ നടപ്പാക്കണമെന്നും കരാര്‍ പുതുക്കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ഉടമകളുടെ അനാസ്‌ഥയ്‌ക്ക് പരിഹാരമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് രണ്ടായിരത്തോളം ജീവനക്കാരാണ്‌ പണിമുടക്കുന്നത്‌.ഇതോടെ സംസ്ഥാന പാചക വിതരണം പ്രതിസന്ധിയിലായി.

 

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ആറു മാസം മുമ്പു നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഇബ്രാഹിംകുട്ടി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ സമരം തുടരാനാണ്‌ തീരുമാനമെന്ന്‌ ഇബ്രാഹിം കുട്ടി അറിയിച്ചു. നിലവിലുള്ള കരാറിന്റെ കാലാവധി കഴക്കൂട്ടം പ്ലാന്റില്‍ കഴിഞ്ഞ ഒക്ടോബറില്‍ 31-നും മറ്റു പ്ലാന്റുകളില്‍ ഡിസംബര്‍ 31-നും അവസാനിച്ചതാണ്.

 

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ച നാലു കോണ്‍ഫറന്‍സിലും പങ്കെടുക്കാതിരുന്ന ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഏപ്രില്‍ 29-നു തൊഴില്‍വകുപ്പു മന്ത്രിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറും വിളിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്തെങ്കിലും ചര്‍ച്ചകളില്‍ നിഷേധ നിലപാടാണു സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണു തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിനു നിര്‍ബന്ധിതരായതെന്നു യൂണിയന്‍ അറിയിച്ചു.

 

ട്രക്ക്‌ ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ സംസ്‌ഥാനത്തെ പാചകവാതക നീക്കം നിലച്ചിരിക്കുകയാണ്‌. പ്ലാന്റുകളില്‍ നിന്ന്‌ ഇനി ഏജന്‍സികളിലേക്ക്‌ സിലിണ്ടറുകള്‍ എത്താതിരിക്കുന്ന സാഹചര്യമുണ്ടാകും. ഏജന്‍സികള്‍ വഴി മാത്രമേ പാചകവാതകം വിതരണം ചെയ്യാനാകൂ എന്നിരിക്കെ ഇത്‌ വന്‍തോതിലുള്ള പാചകവാതക ദൗര്‍ലഭ്യത്തിനു കാരണമായിത്തീരും