കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ഭാര്യ ഷംഷാദും പ്രതികളെന്ന് സി.ബി.ഐ. തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട എഫ്.ഐ.ആറില്‍ സലിംരാജ് 21-ാമത്തെയും ഭാര്യ ഷംഷാദ് 22-ാമത്തെയും പ്രതികളാണ്. മൊത്തം 27 പേരുള്ള കേസില്‍ റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരും, വില്ലേജ് ഓഫീസര്‍മ്മാരും, സലിം രാജിന്റെ ഉറ്റബന്ധുക്കളുമാണ് മറ്റു പ്രതികള്‍.
വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, എന്നിവ അടക്കമുള്ള വകപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റവന്യൂവകുപ്പില്‍ ജോലി ചെയ്യുന്ന സലിംരാജിന്റെ ഭാര്യക്കെതിരെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായില്ല.സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി അദ്ദേഹം ദുരുപയോഗം ചെയ്തുവെന്നും എഫ്.ഐ.ആറില്‍ ആരോപിച്ചിട്ടുണ്ട്.
ഇരുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് തലമുറകളായി അവകാശമുള്ള 450 കോടിയില്‍പ്പരം രൂപ വില മതിക്കുന്ന 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാനായിരുന്നു കടകംപള്ളി ഭൂമിയിടപാടില്‍ ശ്രമം നടന്നതെന്നാണ് പരാതികള്‍. ഈ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പിന്നീട് കേസന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഹൈക്കൊടതി ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് ഇപ്പോള്‍ പ്രാഥമികാന്വേഷണം നടത്തി എഫ്..ഐ.ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. സലിംരാജിനെതിരെ കടകംപള്ളി, കളമശേരി ഭൂമി ഇടപാടുകളിലായി 250 കോടി രൂപയുടെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.