Skip to main content
തിരുവനന്തപുരം

മദ്യവില്‍പനയ്‌ക്ക് നിയന്ത്രണം വേണമെന്ന്‌ വ്യക്‌തമാക്കിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ട്‌ എക്‌സൈസ്‌ വകുപ്പിന്റെ ശുപാര്‍ശ. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് ആറു മാസത്തേയ്‌ക്ക് ഉപാധികളോടെ ലൈസന്‍സ്‌ പുതുക്കി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശയാണ്‌ എക്‌സൈസ്‌ വകുപ്പ്‌ സര്‍ക്കാരിന്‌ നല്‍കിയിരിക്കുന്നത്‌. ബാറുകള്‍ പൂട്ടിയതുമൂലം നിരവധി തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടമായിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്ന് രണ്ടുപേര്‍ ആത്മഹത്യ ചെയ്‌തുവെന്നും എക്‌സൈസ്‌ വകുപ്പ്‌ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

 

 

സംസ്ഥാനത്തെ ബാറുകള്‍ക്ക് താത്കാലിക ലൈസന്‍സ് നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ താഴെയുള്ളവയ്ക്ക് ലൈസന്‍സ് നല്‍കരുതെന്നും സംസ്ഥാനത്തെ പല ബാറുകള്‍ക്ക് കള്ളുഷാപ്പുകളുടെ നിലവാരം മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാതകളുടെ സമീപത്തെ ബാറുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ്‌ സംസ്‌ഥാനങ്ങിലെ ബാറുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിച്ചശേഷമാണ്‌ ജസ്‌റ്റിസ്‌ എം. രാമചന്ദ്രന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.