Skip to main content
ബെയ്റൂട്ട്

ആകമാന സുറിയാനി സഭയുടെ പുതിയ തലവനായി മാര്‍ കൂറിലോസ് അപ്രേം കരീമിനെ തെരഞ്ഞെടുത്തു. ലെബനനിന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന സിനഡാണ് അന്തോഖ്യയുടേയും കിഴക്കിന്റേയും പുതിയ പാത്രിയാര്‍ക്കീസ് ബാവയെ തെരഞ്ഞെടുത്തത്. ക്രിസ്തു ശിഷ്യനായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായാണ്‌ പാത്രിയര്‍ക്കീസ്‌ ബാവയെ വിശ്വാസികള്‍ കരുതുന്നത്.

 

പാത്രിയാര്‍ക്കീസ് ബാവയായിരുന്ന ഇഗ്നേഷ്യസ് സഖാ പ്രഥമന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ബാവയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 18 വര്‍ഷമായി ആകമാന സുറിയാനി സഭയുടെ കിഴക്കന്‍ യു.എസ് ഭദ്രാസനാധിപനാണ് പുതിയ ബാവയായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ കൂറിലോസ് അപ്രേം കരീം.

 

ആകമാന സുറിയാന സഭയുടെ ഭാഗമായ കേരളത്തിലെ യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ തലവന്‍ കാതോലിക്കോസ് ബസേലിയോസ് തോമസ്‌ പ്രഥമന്‍ ആയിരുന്നു 45 അംഗ സിനഡിന്റെ അധ്യക്ഷന്‍. യാക്കോബായ സഭയിലെ അഞ്ച് മെത്രാന്മാര്‍ സിനഡില്‍ അംഗങ്ങളായിരുന്നു.  

 

മാര്‍ച്ച് 21-ന് ജര്‍മ്മനിയില്‍ ആയിരുന്നു ഇഗ്നേഷ്യസ് സഖാ പ്രഥമന്റെ അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചത്.