Skip to main content
തിരുവനന്തപുരം

സംസ്ഥാന നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വര്‍ഷാന്ത്യത്തിലെ ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളിലെ നിക്ഷേപവും വിവിധ വകുപ്പുകളുടെ പക്കലുള്ള പണവും ട്രഷറികളിലേക്ക് മാറ്റാന്‍ ധനവകുപ്പിന്റെ അടിയന്തര നിര്‍ദ്ദേശം. ഒന്നുമുതല്‍ മൂന്നുമാസം വരെയുള്ള ഹ്രസ്വകാല നിക്ഷേപമായാണ് പണം ഈടാക്കുന്നത്.

 

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന നാളെ ആയിരം കോടിയോളം രൂപ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കണ്ടെത്തണം. ശനിയാഴ്ചത്തെ കണക്കനുസരിച്ച് 800 കോടിയോളം രൂപയുടെ മാത്രം നീക്കിയിരിപ്പാണ് ട്രഷറിയിലുള്ളത്. നികുതിവരവ് കുറഞ്ഞതും കേന്ദ്രത്തിന്റെ ഗ്രാന്റുകള്‍ കിട്ടാത്തതുമാണ് സഹകരണ ബാങ്കുകളില്‍ നിന്ന് അടിയന്തരമായി പണം സ്വീകരിക്കാന്‍ കാരണം. പരമാവധി നിക്ഷേപങ്ങള്‍ സമാഹരിക്കാനായി ഞായറാഴ്ചയും സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നികുതി പിരിവ് ഊര്‍ജിതമാക്കാനും നിര്‍ദേശമുണ്ട്.

 

കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റുകളും നികുതിവിഹിതവും ഏപ്രില്‍ ആദ്യവാരം പ്രതീക്ഷിക്കുന്നുണ്ട്. ഇതുപയോഗിച്ച് ശമ്പളവും പെന്‍ഷനും നല്‍കാമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ വാണിജ്യനികുതിയിനത്തിലെ ഗണ്യമായ തുക ട്രഷറിയിലേക്ക് വരാനുണ്ട്. അതേസമയം സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റണമെന്ന നിര്‍ദേശത്തിനെതിരേ സി.പി.ഐ.എം രംഗത്തെത്തി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ പണം ട്രഷറിയിലേക്ക് മാറ്റില്ലെന്ന് സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കി.