Skip to main content
തിരുവനന്തപുരം

motorway-speed-limitsകാല്‍നൂറ്റാണ്ടിനു ശേഷം സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വേഗപരിധികള്‍ നടപ്പിലാകും.

 

മോട്ടോര്‍സൈക്കിളുകളുടെ നഗര വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററില്‍ നിന്ന് 50 ആക്കിമാറ്റി. ദേശീയപാതകളില്‍ 60-ഉം നാലുവരിപ്പാതകളില്‍ 70-ഉം ആണ് പുതുക്കിയ വേഗപരിധി. നാലുവരിപ്പാതകളില്‍ ഇനി കാറുകളുടെ വേഗം 90 കിലോമീറ്റര്‍ ആകും. ഇതുവരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നു പരമാവധി വേഗം. ഓട്ടോറിക്ഷകളുടെ പരമാവധിവേഗം 50 കിലോമീറ്ററാണ്. എന്നാല്‍ നഗരങ്ങളില്‍ 30 കിലോമീറ്ററില്‍ കൂടുതലാവാന്‍ പാടില്ല.

 

വിദ്യാലയ പരിസരങ്ങളിലും വാഹനങ്ങള്‍ക്ക്‌ നിശ്‌ചയിച്ചിരുന്ന വേഗപരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ബസുകള്‍ക്കും ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള ചരക്കുലോറികള്‍ക്കും നിലവിലുള്ള പരിധിയുടെ ഇരട്ടിവേഗത്തില്‍ ഓടാനാകും. മണിക്കൂറില്‍ 15 കിലോമീറ്ററായിരുന്ന വേഗം ഇപ്പോള്‍ 30 കിലോമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വേഗപരിശോധനക്കുള്ള ക്യാമറകളില്‍ ഇതിനനുസരിച്ചുള്ള മാറ്റം വരുത്തുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.