Skip to main content
തിരുവനന്തപുരം

rspകൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിന്റെ ഭാഗമാകാനുള്ള ആര്‍.എസ്.പി നീക്കം വഞ്ചനയെന്ന്‍ ഇടതുമുന്നണി. വിഷയത്തില്‍ ആര്‍.എസ്.പിയുമായി ഇനി ചര്‍ച്ച നടത്തേണ്ടതില്ലെന്നും എല്‍.ഡി.എഫ് യോഗത്തില്‍ ധാരണയായി. ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശനം മുന്‍കൂട്ടിയുള്ള ധാരണ പ്രകാരമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു.  

 

കൊല്ലം സീറ്റില്‍ സി.പി.ഐ.എം എം.എ ബേബിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് വിട്ട് എന്‍.കെ പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ആര്‍.എസ്.പി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്. കൊല്ലം മണ്ഡലത്തില്‍ പ്രേമചന്ദ്രന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ജയിച്ചാല്‍ കേന്ദ്രത്തില്‍ യു.പി.എയ്ക്ക് പിന്തുണ നല്‍കണം, ആര്‍.എസ്.പി മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി.(ബി)യില്‍ ലയിക്കണം എന്നീ നിബന്ധനകളോടെയാണ് കോണ്‍ഗ്രസിന്റെ പിന്തുണ എന്നറിയുന്നു. നിലവില്‍ യു.ഡി.എഫ് ഘടകകക്ഷിയാണ് ആര്‍.എസ്.പി.(ബി).

 

കേരളത്തില്‍ ഇടത് ഐക്യം തകര്‍ന്നതിന്റെ ഉത്തരവാദിത്വം സി.പി.ഐ.എമ്മിനാണെന്ന് ആര്‍.എസ്.പി കേന്ദ്ര നേതാവ് അബനി റോയ് പറഞ്ഞു. എന്നാല്‍, യു.പി.എയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം കേന്ദ്ര കമ്മിറ്റിയാണ് തീരുമാനിക്കുകയെന്നും യു.പി.എ-ഇതര, എന്‍.ഡി.എ-ഇതര ബദലിനായുള്ള നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായും റോയ് പറഞ്ഞു. വിഷയത്തില്‍ ഇന്ന്‍ സംസ്ഥാന ഘടകവുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.